Friday, December 15, 2006

അല്പം കുരങ്ങു പുരാണം.



ഞാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ..പതിവുപോലെ ഒരുദിവസം രാത്രി സ്ലേറ്റില്‍ കൂട്ടല്‍ പട്ടികയെല്ലാം എഴുതി വച്ച് ഉറങ്ങാന്‍ തുടങ്ങിയിരുന്നു..
മാമന്‍ അല്പം വൈകിയാ വരുന്നെ..ഓഫീസിന്നു വന്നു പിന്നെ കൂട്ടുകാരുടെ അടുത്തൊക്കെ പോയി…അങ്ങനെ..
മാമന്‍ കോളിങ് ബെല്ല് അടിച്ചു..ചെറിയ മഴ പെയ്യുന്നുണ്ടായിരുന്നു..
അമ്മമ്മ വാതില്‍ തുറന്നു..
മാമന്‍ : അമ്മേ ഒരാളു കൂ‍ടിയുണ്ട് പുറത്ത്..
അമ്മമ്മ : ആരാ മോനേ..
മാമി : എന്നാ പിന്നെ അയാളെ കൂടി വിളിക്ക് ഞാന്‍ ചോറു വിളമ്പാം..
മാമന്‍ : ചോറ് വേണ്ട നീ പഴം ഉണ്ടോന്ന് നോക്ക്..
മാമി : അത് ചോറ് കഴിഞ്ഞിട്ടല്ലെ..
... വീട്ടിലെ മുതിര്‍‌ന്ന പ്രജകളെല്ലാം വരാന്തയിലിറങ്ങി നോക്കിയപ്പൊ എന്താ സഭവം..ഒരു പെട്ടീലൊരു കൊരങ്ങന്‍..
“അല്ല ചിന്നാ നിനക്കിതെന്താ..“..അമ്മമ്മ..
ഉറങ്ങിക്കിടന്നിരുന്ന ഞങ്ങളെല്ലാം എണിറ്റ് ആ വാനരക്കുട്ടനെ കണ്ടു..


കിഴക്കേ മുറ്റത്തെ ഗെയിറ്റിന്റെ അരികിലുള്ള മാവിലായി ടിങ്കു കുരങ്ങന്റെ താമസം..(ആഹ്..പേരിട്ടു:ടിങ്കു)..
രാവിലെ തിക്കും തിരക്കുമായി..മാവിന്റെ അരികില്‍..ടിങ്കൂന്റെ അടുത്തു പോവാന്‍ ആര്‍ക്കും അനുവാദമില്ലായിരുന്നു..എന്നാലും അടുത്തു പൊവുമായിരുന്നു..ഞാന്‍ കൊടുത്ത ദോശക്കഷ്ണാ ടിങ്കൂന്റെ കൈയ്യില്..അല്ല ഞാന്‍ കൊടുത്തതാ…ഇങ്ങനെയുള്ള തല്ലുകളും..


തറവാട്ടിലുണ്ടായിരുന്ന മിന്നു മുയല്‍ പൊന്നു മുയല്‍… മീന്‍/ഇറച്ചി സഞ്ചി ഒരു പോറലും ഏല്പിക്കാതെ അടുക്കളയിലെത്തിക്കുന്ന അച്ഛാച്ഛന്റെ പ്രിയപ്പെട്ട ജിമ്മി പട്ടി ഇവയെ കുറിച്ചെല്ലാം അമ്മമ്മ പറഞ്ഞു ഒരുപാട് കേട്ടിട്ടുള്ളതല്ലാതെ ഞങ്ങളാരും കണ്ടിട്ടില്ലായിരുന്നു..അതുകൊണ്ട് ഞങ്ങള്‍ക്കു കിട്ടിയ ആദ്യത്തെ പെറ്റ്.. ആങ്കുട്ട്യോളുക്ക് പശുക്കുട്ടി പെറ്റ് ഉണ്ടായിരുന്നു അതു വേറെ കാര്യം..

അങ്ങനെ ഊണിലും ഉറക്കത്തിലും ഞങ്ങള് ടിങ്കൂനെ സ്നേഹിച്ചു..സ്കൂളില്‍ കൂട്ടുകാരോട് പൊടിപ്പും തൊങ്ങലും വച്ച് ടിങ്കു ചാടി..ടിങ്കു ഓടി..ടിങ്കു മാങ്ങേന്റെ അണ്ടി എറിഞ്ഞു..ഇങ്ങനെ പല വിശേഷങ്ങളും പങ്കു വയ്ക്കാനും ഞങ്ങള്‍ മറന്നില്ല..
പക്ഷെ ഈ സന്തോഷം അധികകാലം നീണ്ടു നിന്നില്ല..ആണ്‍ പ്രജകള്‍, ഈര്‍‌ക്കിലി..കല്ല് തുടങ്ങിയ മാരകായുധങ്ങളുമായി മാവിന്റെ അടുത്ത് ചുറ്റിപറ്റി നില്‍കുകയും ടിങ്കുന് ദേഷ്യം വന്ന് പല അപശബ്ദങ്ങളും പുറപ്പെടുവിക്കയും ചെയ്തു..ഇത് കൈയോടെ പിടിക്കപ്പെട്ടു..
വൈകുന്നേരം സ്കൂളില്‍ നിന്നു വന്ന് നേരെ മാവിന്‍ ചുവട്ടിലേക്കോടിയപ്പോള്‍ ടിങ്കു അവിടെ ഇല്ലായിരുന്നു..

അത്..ടിങ്കൂന് സുഖോല്ലാഞ്ഞിട്ട് ശ്രീധരേട്ടന്റെ(മൃഗ ഡോക്ടര്‍,‘മൃഗം’ എന്നു നാട്ടില്‍ അറിയപ്പെടുന്നു!) അടുത്ത് കോണ്ടു പോയിരിക്ക..അമ്മമ്മ..

അത് പശൂന്റെ ഡോക്റ്റ്ര് അല്ലെ ഉണ്ണിക്ക് സംശയം..
പൊട്ടാ ,പശൂനെം പൂച്ചേനെം കൊര‍ങ്ങനേം എല്ലാം നോക്കും പവിഴം സംശയം തീര്‍ത്തു..


..പിന്നീട് ഞങ്ങളറിഞ്ഞു..ടിങ്കൂന് അസുഖൊന്നും അല്ല;..ശിവന്റെ അമ്പലത്തിനടുത്തു താമസിക്കുന്ന ബാബു ഏട്ടന് വളര്‍ത്താന്‍ കൊടുത്തിരിക്ക്വാണെന്ന്..

പിന്നെ ആദ്യമൊക്കെ ശിവന്റെ അമ്പലത്തില് പൊവുമ്പം അമ്മെ ,അമ്മെ ..ടിങ്കൂനെ കണ്ടിട്ട് പോകാമെന്നു ഞാന്‍ പറഞ്ഞു നോക്കിയിട്ടുണ്ടെങ്കിലും ഒരിക്കലും കണ്ടിട്ടില്ല..

ഏറ്റവും ഇഷ്ടപ്പെട്ട മൃഗം ഏതാണെന്നു ചോദിച്ചാല്‍ ഞാനെപ്പോഴും പറയും..കുരങ്ങന്‍!!!…ഉം.. സ്വവര്‍ഗ്ഗ സ്നേഹം ന്നൊക്കെ പ്പറഞ്ഞ് കളിയാക്കുമെങ്കിലും എനിക്കറിയില്ല കൊരങ്ങനെത്തന്നെയാ എനിക്കിഷ്ടം..

പിന്നീട് കുരങ്ങു സ്നേഹം വളര്‍ന്നു..
ബാലരമയില്‍ കപീഷിലൂടെയും..പൂമ്പാറ്റയിലെ കപിലനിലൂടെയും..
മല എടുത്ത് പറന്ന ഹനുമാനെയും കല്ല് ഉരുട്ടി ഗുഹാ വാതിലടച്ച ബാലി സുഗ്രീവന്മാരെയും അമ്മമ്മയിലൂടെ ഞാന്‍ പണ്ടേ കൂട്ടുകാരാക്കിയിട്ടുണ്ടല്ലോ...
മൃഗശാലയില്‍ പോയാല് അച്ഛനെക്കൊണ്ട് ,കുരങ്ങനെ ബാക്ഗ്രൌണ്ടാക്കി ഫോട്ടൊ എടുപ്പിക്കാനും ഞാന്‍ മറന്നിരുന്നില്ല...
അടി കൂടുമ്പോള്‍‌ അനിയത്തി എന്നെ ‘കൊരങ്ങത്തീ‘ന്ന് വിളിച്ചാ എനിക്കു വല്യ സങ്കടൊന്നും തോന്നാറില്ല....
ഒരു കുരങ്ങു ഫ്രണ്ട് മുറിയില്‍ കുടുങ്ങിപ്പോയ കൂട്ടുകാരനെ രക്ഷിക്കാന്‍ താക്കോല്‍ എടുത്ത് സഹായിക്കുന്ന ഏതൊ ഒരു സിനിമ എനിക്കൊരുപാട് ഇഷ്ടായിരുന്നു…
ചാടിക്കളിക്കുന്ന കുരങ്ങമ്മാരെയും വെള്ളത്തില്‍ കിടക്കുന്ന മുതലകളെയും മാമന്‍ കാസറ്റിട്ട് കാണിക്കാറുണ്ടായിരുന്നു..ഡിസ്കവറിയൊക്കെ അപ്പോഴും ഉണ്ടായിരുന്നൊ എന്തൊ? (അക്കാലത്ത് ടീ വീ ന്നു പറയുമ്പം എന്റെ ഓര്‍‌മ്മയില്‍ വരുന്നത് അഞ്ചുവട്ടമുള്ള ഒളിമ്പിക്സും..പിന്നെ പൊട്ടന്‍ വാര്‍ത്തയുമാണ് ..)

...........


എന്റെ സെന്റ് ആന്റണീസില്‍ …മദര്‍ സുപ്പീരിയറിന്റെ അസുഖം കാണാന്‍ (അമ്മയെ ഒക്കെ പഠിപ്പിച്ച സിസ്റ്ററാ..അസുഖം പ്രായത്തിന്റെയാ!) കൊണ്വന്റിനുള്ളിലേക്കുള്ള ക്യൂ വിലാണ്‍ ഞാന്‍..ദേ അവിടെയൊരു കൂട്,അതിന്റെ ഉള്ളില്‍ വെളുത്ത പന്നികുട്ടികള്‍ ..അതിന്റെ സൈഡിലായി മറ്റൊരു കൂട് ..ആരാ അതിന്റെ ഉള്ളില്‍?..കുരങ്ങന്‍!..ദൈവമെ ഇതൊക്കെ എന്തിനാ ഈ താമസ സ്ഥലത്ത്?..
എന്റെ തൊട്ടു പിന്നില്‍ നിന്ന മൃദുല ന്‍.ല്‍ പറഞ്ഞു ”ഈ സിസ്റ്റര്‍ മാര്‍ രാത്രി ആവുമ്പം പന്നികളെ കൊന്നു തിന്നും!(?)....“ ...കൊരങ്ങമ്മാരെയും?..കുറെ ദിവസം ഞാനതും ആലോചിച്ചു നടന്നു..(കോഴിയെയും ആടിനെയും മനുഷ്യര്‍ കഴിക്കും എന്നുള്ള ഞ്ജാനമെ എനിക്കുണ്ടായിരുന്നുള്ളൂ…പോത്തിനെയും എലിയെയും പന്നിയെയും കഴിക്കുമെന്നുള്ള അറിവ് എനിക്ക് പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പൊളാ കിട്ടിയത്!..(..ങ്ഹേ..ചൈനക്കാര് പാമ്പിനെ തിന്നുമെന്ന് എനിക്ക് രണ്ടാംക്ലാസീന്നേ അറിയായിരുന്നല്ലൊ?!)

ഞാന്‍ എട്ടാം ക്ലാസിലെത്തി..
സയന്‍സ് എക്സിബിഷന്‍ സ്ക്വാഡ് മത്സരത്തിനോട് അനുബന്ധിച്ച് ക്ലാസില്‍ ഓരൊ പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യാന്‍ ക്ലാസ് ടീച്ചര്‍..എനിക്കു വിഷയം കിട്ടിയത് ‘വിവിധ ഇനം കുരങ്ങുകള്‍’…(..പക്ഷെ പിന്നീട് അത് രണ്ടുപേരടങ്ങിയ ടീം ആയി..വിഷയം മാറി പ്രകൃതി ദുരന്തങ്ങളായി:(



പ്ലസ്റ്റുവില്‍ NSS ന്റെ വക റോഡു പണിക്ക് ഒരു ഉള്‍ഗ്രാമത്തില്‍..അവിടത്തെ ഒരമ്പലത്തിലെ പരിപാടി കാണിക്കാന്‍ ടീച്ചറ് കൊണ്ടുപോയി…അവിടെ ആല്‍ത്തറയുടെ അടുത്ത് ഞാന്‍ കണ്ടു.. കുട്ടി പാവാടയും ബ്ലൌസുമിട്ട ഒരു പെണ്‍കുട്ടി..അവളുടെ കൂടെ ടിങ്കൂനെപ്പോലത്തെ ഒരു കുരങ്ങനും..അവള്‍ ആ കുരങ്ങന് ഒരു നീല കളറുള്ള പാവാടയും ഇട്ടു കൊടുത്തിട്ടുണ്ടായിരുന്നു…അങ്ങനെ വീണ്ടും എന്റെ ഓര്‍‌മ്മകള്‍ തികട്ടി വന്നു..മറന്നു തുടങ്ങിയ ടിങ്കു ടോപ്പിക്കായി..

പിന്നെ എന്റെ ഹോസ്റ്റ്ല് …മലകളും കുരങ്ങുകളും നിറഞ്ഞ സ്ഥലത്ത്..(സോറി..കുരങ്ങ് എന്നുപറയുന്ന്ത യഥാര്‍‌ത്ഥ കുരങ്ങുകളെക്കുറിച്ചാണ്)..ഹോസ്റ്റലില്‍ എപ്പോഴും വരുമായിരുന്നു ജനലിന്റെ അടുത്ത് ..ഉം അവളുടെ ഒരു കുരങ്ങു സ്നേഹം..ഇനി അങ്ങാന്‍ എന്തെങ്കിലും ഇട്ടു കൊടുക്കുന്നതു കാണട്ടെ..കൂട്ടുകാരികള്‍ വാണിങ് തരാറുണ്ടെ ങ്കിലും തരം കിട്ടിയാല്‍ ഞാന്‍ കൊടുക്കും..പക്ഷെ ഒരു ദിവസം ഉച്ചയ്ക്ക് വന്ന ഞങ്ങള്‍ ഞെട്ടി..
ദൈവമെ ഇന്ന് ജനല്‍ അടയ്ക്കാതെയാ പോയത് ..താഴത്തെ ഫ്ലോറിലെ കാശ്മീരിക്കുട്ടി കൊണ്ടത്തന്ന ആപ്പിള്‍ ഒറ്റയും ഇല്ല..ശ്രീക്കുട്ടിയുടെ വീട്ടീന്ന് ആട്ടിക്കൊണ്ടുവന്ന വെളിച്ചണ്ണക്കുപ്പി പൊട്ടിച്ചിതറി നിലത്ത്…വിനീതയുടെ തലയിണ കടിച്ചു പറിച്ച് മത്സരിക്കുന്ന രണ്ടു കുരങ്ങന്മാര്‍..കുട്ടി കൊരങ്ങനെ വയറ്റിന്റെ അവിടെ വച്ച് ഇതു കണ്ടു രസിക്കുന്ന ഒരമ്മക്കുരങ്ങ്….
പിന്നീടൊരിക്കല്‍ കൈയില്‍ ലേസിന്റെ പാക്കറ്റും ഒരു കുപ്പി വെള്ളവുമായി മെസ്സ് ഹാളില്‍ നിന്നു റൂമിലേക്കു വരുന്ന എന്റെ മുന്നില്‍ ഒരു കൊരങ്ങച്ചന്‍‍..ക്രൂ..ക്രൂ..ന്ന് ശ്ബബ്ദോം ഉണ്ടാക്കി വലിയൊരു കുരങ്ങ്..ആദ്യായിട്ടാ ഇത്രെം വലിയൊരു കുരങ്ങിനെ കാണുന്നെ..എന്റെ കൈയിലേക്കു മാന്താനായി ചാടുന്നു..പേടിച്ചു വിറച്ച ഞാന്‍ കൈയിലുള്ള ബോട്ടില്‍ അതിന്റെ മേല്‍ എറിഞ്ഞു..അതിന്റെ ദേഷ്യം കൂടി..ക്രൂ..ക്രൂ.. എന്റമ്മെ! അങ്ങനെ എന്റെ കുരങ്ങു സ്നേഹം ഞാന്‍ മാറ്റി വച്ചു..
ഇങ്ങനെയുള്ള സംഭവങ്ങള്‍ ഹോസ്റ്റലില്‍ സര്‍വ്വ സാധാരണമായിരുന്നെങ്കിലും..ഓടി റൂമില്‍ കയറി കട്ടിലിന്റെ മോളില്‍ കേറിയിരുന്ന ഞാന്‍ എന്റെ മുന്നില്‍ വരൂന്ന് സ്വപ്നേന നിരീച്ചില്ല.!.

..എന്നാലും..

ഹോസ്റ്റലില്‍ നിന്നും കുറച്ചു മാറി മണിച്ചിത്രത്താഴിലെപ്പോലെ കാളവണ്ടീം വൈക്കൊല്‍ കൂനയും ഉള്ള ഒരു ഗ്രാമമുണ്ട്..അവിടെ വളരെ പുരാതനമായ ഒരു ഹനുമാന്റെ അമ്പലവും…നിറയെ കുരങ്ങന്മാരാ അവിടെ..പേടിയാണെങ്കിലും പ്രസാദം കിട്ടുന്ന പഴം ആ ‘നല്ല‘ കുരങ്ങമ്മാര്‍ക്കു കൊടുക്കും..അതു കൊണ്ടായിരിക്കണം..പോസ്റ്റ്പോണ്‍ഡ് ചെയ്ത ഒരു പരീക്ഷയുടെ ദിവസം.. ഫ്ലോറില്‍ ആരും ഇല്ല..ജനലിന്റെ ഇടയിലൂടെ ഒരു കുരങ്ങന്‍ ഒച്ചയുണ്ടാക്കി എന്നെ വിളിച്ചു..സമയം 9.40..ഞാനോടി..10 മണിയുടെ പരീക്ഷയ്ക്...

നാട്ടിലേക്കുള്ള യാത്രയില് (ബസ് ലേറ്റായാല് മാത്രം!) കാണുന്ന വയനാടന്‍ ചുരത്തിലെ കുരങ്ങന്മാര്‍…ട്രെയ്ന്‍ യാത്രക്കിടയില്‍ കാണുന്ന കുരങ്ങു കുട്ടികള്‍ ..എല്ലാത്തിനെയും കൌതുകത്തോടെ നൊക്കി നില്‍ക്കാറുണ്ട്…ഇപ്പോഴും ഇന്‍ഡ്യ ടുഡെയിലൊ സണ്ഡെ റ്റൈംസിലൊ കാണുന്ന ചിമ്പാന്‍സിയുടെയും ഒറാങ്കുട്ടന്റെയും പടം വെട്ടി വയ്ക്കാന്‍ ഞാന്‍ മടി കാണിക്കാറില്ല….നെറ്റില്‍ കാണുന്ന കുരങ്ങമ്മാരെയും അറിയാതെ സേവ് ചെയ്തു പോകുന്നു…

എന്തായാലും മാമന്‍ കൊണ്ടു വന്ന ടിങ്കുവിനെയാണ് ആദ്യം സ്നേഹിച്ചത്..സൈക്കിള്‍ പഠിപ്പിക്കാനും നീന്തല്‍ പഠിപ്പിക്കാനും മുന്നിലുണ്ടായിരുന്ന, കൂട്ടുകാരെയും വീട്ടുകാരെയും സഹായിക്കാന്‍ മാത്രം ജനിച്ച,എന്നും എന്തെങ്കിലും പുതുമയുള്ള കാര്യം ചെയ്യുന്ന മാമന്‍ .ഹൈവെയില്‍ ഒരു വണ്ടി തട്ടിത്തെറുപ്പിച്ച് മാമനെ കൊണ്ടുപോ‍യി ദൈവം..മാമനും കുരങ്ങനെ ഒരുപാട് സ്നേഹിച്ചിരുന്നൊ?..മാമന്റെ നക്ഷത്രവും തിരുവോണമായിരുന്നു….

Labels: ,